മലയാള സിനിമ മികച്ച ചിത്രങ്ങളില്‍ ചിലത്

മലയാള സിനിമ ഇക്കൊല്ലം മികച്ച മേനി തന്നെ കൊയ്യുമെന്ന് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. നൂറ്റിയാറ് ചിത്രങ്ങളാണ് ഇതുവരെ മലയാളത്തില്‍ പുറത്തിറങ്ങിയത്. മലയാള സിനിമയില്‍ ഇത് സമീപകാലത്തെ റെക്കോര്‍ഡാണ്. കഴിഞ്ഞവര്‍ഷം മൊത്തം പുറത്തിറങ്ങിയത് 88 ചിത്രങ്ങളാണ്. ഇവയില്‍ ആറ് എണ്ണം മാത്രമാണ് വിജയിച്ചത്.  ഈ വര്‍ഷം ഇതിനകം തന്നെ പത്തോളം ചിത്രങ്ങളാണ് മികച്ച വിജയം നേടിയെന്നത് ശ്രദ്ധേയമാണ്. ഇരുപതോളം ചിത്രങ്ങള്‍ക്ക് മുടക്കുമുതലും തിരിച്ചുകിട്ടി. മലയാള സിനിമ സൂപ്പര്‍ഹിറ്റാകുമ്പോള്‍ ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായവയില്‍ ചിലത് വീണ്ടും ഓര്‍ക്കാം. കണക്കെടുപ്പോ ഏത് കേമമെന്ന് പറയുകയോ അല്ല ഉദ്ദേശ്യം. മികച്ച ചിത്രങ്ങളില്‍ ചിലത് ഓര്‍മ്മയുടെ തിരശ്ശീലയില്‍ എത്തിക്കാനുള്ള ശ്രമം മാത്രം.

Image
ഉസ്താദ് ഹോട്ടല്‍

ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയവയില്‍ കൂടുതല്‍ പേര്‍ കയറിയവയിലൊന്നായ ഉസ്താദ് ഹോട്ടല്‍ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമാണ്. നന്‍മയുള്ള ഒരു സിനിമയായിരുന്നു ഉസ്താദ് ഹോട്ടല്‍. അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ സിനിമ അഭിനയകലയുടെ തിലക്കുറിയായ നടന്‍ തിലകന്‍റെ അവിസ്മരണീയമായ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. അഞ്ജലി മേനോന്‍റെ കയ്യടക്കമുള്ള തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെന്ന യുവനടനും കയ്യൊപ്പ് പതിപ്പിച്ചു. ദൃശ്യഭംഗിയിലും ഈ ചിത്രം ഏറെ മുന്നിട്ടുനില്‍ക്കുന്നു.
Image
തട്ടത്തിന്‍ മറയത്ത്

പറഞ്ഞുപറഞ്ഞ് പഴഞ്ചനായെന്ന് പലരും പറഞ്ഞ പ്രമേയം. പക്ഷേ പുത്തന്‍ ഭാഷയോടെയും ആഖ്യാനത്തോടെയും പ്രണയമെന്ന സുന്ദരവികാരം പകര്‍ത്തി ഈ സിനിമയെ വിനീത് ശ്രീനിവാസന്‍ എന്ന യുവസംവിധായകന്‍ മികച്ച ചലച്ചിത്ര അനുഭവമാക്കി. നായരുചെക്കനായി എത്തിയ നിവിന്‍ പോളി  ഈ ചിത്രത്തിലൂടെ ആരാധകഹൃദയങ്ങളില്‍ ഇടംപിടിച്ചു. ചിത്രത്തിന്‍റെ സ്വാധീനമെന്നോണം തട്ടം ഒരു ട്രെന്‍ഡുമായി. പ്രണയലേഖനങ്ങള്‍ ചിലരെങ്കിലും ഈ ചിത്രം കണ്ട് പൊടിതട്ടിയെടുത്തു. ചിലയിടത്തെങ്കിലും കാല്‍പ്പനികത അതിരുകവിഞ്ഞെന്ന് തോന്നിയെങ്കിലും മൊത്തത്തില്‍ അത് ബാധിച്ചില്ല. കേരളം ഈ ചിത്രത്തെ ഏറ്റെടുത്തു.
Image
22 ഫീമെയില്‍ കോട്ടയം

ധീരമായ സിനിമയെന്ന വിശേഷണം ചാര്‍ത്തപ്പെട്ടു. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഒരു നോട്ടമായി ഈ ചിത്രം വ്യഖ്യാനിക്കപ്പെട്ടു.  തന്നെ ചതിച്ച കാമുകനോട് പ്രതികാരം ചെയ്ത ടെസ കെ ഏബ്രഹാമിനെ ധീര നായികയായി പ്രേക്ഷകര്‍ കണ്ടു. സ്വീകാര്യതയോടൊപ്പം എതിര്‍പ്പുകളും ഉണ്ടായെങ്കിലം ഗിമ്മിക്കളുമൊന്നുമില്ലാതെ എത്തിയ ഈ ചിത്രം ഗൗരവതരമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്നതില്‍ വിജയിച്ചു. മലയാളത്തിന് പുതുരുചി സമ്മാനിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം ഒരുക്കിയ 22 ഫീമെയില്‍ കോട്ടയം  ആഷിഖ് അബു എന്ന സംവിധായകന് ഏറെ പ്രശംസ നേടിക്കൊടുത്തു. ടെസ കെ ഏബ്രഹാമിനെ റിമ ഭംഗിയാക്കി. ഫഹദും മികച്ച അഭിനയം കാഴ്ചവച്ചു.

Image
മഞ്ചാടിക്കുരു

നിരവധി ചലച്ചിത്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയ ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2012ല്‍ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങിയ ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിയത് ഈ വര്‍ഷം. ഗൃഹാതുരതയിലേക്ക് മനസ്സ് ചേര്‍ക്കുന്നതായിരുന്നു അഞ്ജലി മേനോന്‍ ഒരുക്കിയ ഈ ചിത്രം. കണ്ടവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടെന്ന് അഭിപ്രായമുയര്‍ന്ന ഈ ചിത്രം ഒരു കുട്ടിയുടെ കാഴ്ചപ്പോടെയാണ് അവതരിപ്പിച്ചത്.  പൃഥ്വിരാ‍ജിന്‍റെ ശബ്ദാവതരണത്തില്‍ മുന്നേറുന്ന ചിത്രത്തില്‍ തിലകന്‍, റഹ്മാന്‍, ജഗതി ശ്രീകുമാര്‍, മുരളി, കവിയൂര്‍ പൊന്നമ്മ, ഉര്‍വ്വശി, ബിന്ദു പണിക്കര്‍, സിന്ധു മേനോന്‍ തുടങ്ങിയ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു.

ഓര്‍ഡിനറി

ബഹളങ്ങളില്ലാതെ എത്തി തീയേറ്ററുകള്‍ നിറച്ച ചിത്രം. ഗവിയെന്ന സുന്ദരപ്രദേശത്തേയും അവിടേക്ക് എത്തുന്ന ഏക കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെയും കഥ പറഞ്ഞ ചിത്രം സാധാരണ ആഖ്യാനരീതിയില്‍ ഒരുക്കിയതാണെങ്കിലും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബിജു മേനോന്‍റെ, ഡ്രൈവര്‍ സുകുവെന്ന കഥാപാത്രം തീയേറ്ററുകളെ ഹരംകൊള്ളിച്ചു. കുഞ്ചാക്കോ ബോബനും മോശമാക്കിയില്ല. സുഗീത്  ഒരുക്കിയ ഓര്‍ഡിനറിക്ക് മികച്ച ദൃശ്യചാരുതയും അവകാശപ്പെടാം.

Image

ഒഴിമുറി

തീയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കാനായില്ലെങ്കിലും ഒഴിവാക്കാനാകില്ല ഈ ചിത്രത്തെ. ജയമോഹന്‍റെ ഈടുറ്റ തിരക്കഥയില്‍ മധുപാല്‍  കയ്യടക്കത്തോടെ ഒരുക്കിയ ഒഴിമുറി മികച്ച ചലച്ചിത്രാനുഭവം തന്നെ. പഴയ തിരുവിതാം‍കൂര്‍ രാജ്യത്തിന്റെയും ഇപ്പോള്‍ തമിഴ്‍നാടിന്റെയും ഭാഗമായ അതിര്‍ത്തിപ്രദേശത്തും നടക്കുന്ന കഥ പറയുന്ന ചിത്രം ഭാവതീവ്രതയോടെയും അതേസമയം ആഖ്യാനത്തിലെ വച്ചുകെട്ടലുകളില്ലാതെയും ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. ലാല്‍, ശ്വേതാ മേനോന്‍, ആസിഫ് അലി തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ഇവിടെ അവസാനിക്കുന്നില്ല ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടിക. ഈ അടുത്ത കാലത്ത്, സ്പിരിറ്റ്, ഗ്രാന്‍ഡ്മാസ്റ്റര്‍, അരികെ, അയാളും ഞാനും എന്നിങ്ങനെ ആ പട്ടിക നീളുന്നു. മായാമോഹിനി അടക്കമുള്ള ജനപ്രിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ മലയാള സിനിമയുടെ കുതിപ്പിന് ഗതിവേഗം പകരുന്നു. ഈ വര്‍ഷം ഇനിയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ എത്താനുണ്ട് എന്ന് പ്രതീക്ഷിക്കുകയും ആവാം.

കടപാട് : ഏഷ്യാനെറ്റ്‌

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s